District News
എരുമേലി: കുണ്ടും കുഴിയുമായി മാറിയ നിലയിൽ എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. കുഴികൾ നികത്തി കോൺക്രീറ്റ് ചെയ്യാനാണെങ്കിൽ പഞ്ചായത്ത് തയാറാണ്. ഇത് വേണ്ട ടാറിംഗ് മതിയെങ്കിൽ അത് നടത്താൻ പൊതുമരാമത്ത് വകുപ്പിന് സമ്മതം. പക്ഷേ കോടതി കനിയാതെ ഇതൊന്നും ചെയ്യാൻ പറ്റില്ലെന്നുള്ളതാണ് നിലവിലെ സാഹചര്യം.
സ്റ്റാൻഡിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിക്കാണെന്നുള്ള കോടതിവിധി നിലനിൽക്കുകയാണ്. ഇതിനെതിരേ കെഎസ്ആർടിസി അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും കോടതി തീർപ്പ് നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ സ്റ്റാൻഡിൽ എന്തെങ്കിലും നിർമാണ പ്രവൃത്തികൾ നടത്തണമെങ്കിൽ കോടതിയിൽനിന്ന് അനുമതി നേടണം. ഇതുമൂലം നിർമാണ പ്രവൃത്തികൾക്ക് തുക ചെലവിടാൻ പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും മാത്രമല്ല കെഎസ്ആർടിസിക്കും കഴിയില്ല.
കഴിഞ്ഞ ശബരിമല സീസണിൽ പഞ്ചായത്ത് ഫണ്ടിലാണ് സ്റ്റാൻഡിൽ കുഴികൾ നികത്തി കോൺക്രീറ്റ് ചെയ്തത്. ഈ സമയത്തായിരുന്നു സ്റ്റാൻഡ് ഉൾപ്പെടെ സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെന്ന് പാലാ സബ് കോടതി വിധി നൽകിയത്. കഴിഞ്ഞ പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങി അപകടത്തിലായ കെട്ടിടത്തിലാണ് ബസ് സ്റ്റാൻഡിലെ ഓഫീസും ഗാരേജും പ്രവർത്തിക്കുന്നത്. ഇതിനോടു ചേർന്ന് പുറകിലുള്ള കരിങ്കൽ കയ്യാല പലപ്പോഴായി ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു. കെട്ടിടം അപകടത്തിലാണെന്നും പൊളിച്ചു നിർമിക്കണമെന്നും പൊതുമരാമത്ത് വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
എന്നാൽ, സ്ഥലം സംബന്ധിച്ച് ഉടമസ്ഥാവകാശ തർക്കം കോടതിയിൽ നീളുന്നതിനാൽ കെട്ടിടം പൊളിക്കാനോ പുനർനിർമാണം നടത്താനോ കഴിയ ണമെങ്കിൽ കോടതിയിൽ നിന്ന് അനുമതി വാങ്ങാതെ പറ്റില്ല.
സ്വകാര്യ വ്യക്തിയുടെയാണ് സ്ഥലം എന്ന് നിലവിൽ വിധിയുള്ളതിനാൽ വികസന പ്രവൃത്തികൾക്ക് കോടതിയിൽനിന്ന് അനുമതി കിട്ടുക പ്രയാസകരമാണെന്ന് അഭിഭാഷകർ പറയുന്നു. വിധിക്കെതിരേ കെഎസ്ആർടിസി മാത്രമാണ് അപ്പീൽ നൽകിയിട്ടുള്ളത്. അപ്പീൽ ഹർജിയിൽ പഞ്ചായത്തും ദേവസ്വം ബോർഡും കക്ഷി ചേർന്നിട്ടില്ല. ദേവസ്വം ബോർഡ് നൽകിയ പാട്ടഭൂമിയാണ് ബസ് സ്റ്റാൻഡ് എന്ന് കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിട്ടുള്ളത്. എന്നാൽ, സ്ഥലം ദേവസ്വം ബോർഡിന്റെ ആണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. ഇതു മൂലമാണ് കേസിൽ കെഎസ്ആർടിസിക്ക് തോൽവി നേരിടേണ്ടി വന്നത്.
ദേവസ്വം ബോർഡ് നൽകിയ സ്ഥലത്ത് പഞ്ചായത്ത് നിർമിച്ചു നൽകിയ കെട്ടിടത്തിലാണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നതെന്നാണ് കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ, സ്ഥലം ദേവസ്വം ബോർഡിന്റെ അല്ലെന്ന് രേഖകൾ ഹാജരാക്കി സ്വകാര്യ വ്യക്തി നടത്തിയ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ അപ്പീൽ ഹർജിയിൽ ഇനിയും വിചാരണ തുടങ്ങിയിട്ടില്ല.
നൂറുകണക്കിന് ബസുകൾ ശബരിമല സീസണിൽ ഓപ്പറേറ്റ് ചെയ്യുന്ന ബസ് സ്റ്റാൻഡിന്റെ അപകടാവസ്ഥ മാറ്റാൻ എന്താണ് പരിഹാരമെന്നറിയാതെ കുഴയുകയാണ് അധികൃതർ.
Kerala
അടിമാലി: അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്കൂൾ കോളജ് വിദ്യാർഥികൾ നിൽക്കുന്ന സ്ഥലത്തെത്തി അസഭ്യവർഷം നടത്തിയ യുവാവിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
മദ്യപിച്ച് സ്ഥിരമായി ഈ പ്രദേശത്ത് പ്രശ്നമുണ്ടാക്കുന്നയാളാണ് ഈ ചെറുപ്പക്കാരൻ. മദ്യപിച്ച് ബസ് സ്റ്റാൻഡിലെത്തി സ്ത്രീകളും കുട്ടികളും വിദ്യാർഥികളുമെല്ലാം നിൽക്കുന്നയിടത്തുവന്ന് അസഭ്യം പറയുന്നതാണ് ഇയാളുടെ രീതി. പല തവണ പോലീസ് ഇയാളെ പിടിച്ചുകൊണ്ട് പോവുകയും താക്കീത് നൽകുകയുമെല്ലാം ചെയ്തിരുന്നു. എന്നാൽ പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.
പോലീസ് ജീപ്പിനെ ചുറ്റിയും മുന്നിലെ സീറ്റിനടുത്തും ചെന്ന് ഇയാൾ അസഭ്യവർഷം തുടർന്നു. ജീപ്പിനകത്തേക്ക് തലയിടുന്ന രീതിയിൽ കാര്യങ്ങൾ എത്തിയതോടെയാണ് പോലീസ് ഇയാളുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ പ്രയോഗം നടത്തിയത്.
Kerala
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വീണ്ടും രൂക്ഷമായ വെള്ളക്കെട്ട്. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. എറണാകുളം സൗത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു കോടി 88 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്.
ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉയര്‍ത്തുകയും ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്തെങ്കിലും സ്റ്റാന്‍ഡില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ബസില്‍ കയറണമെങ്കില്‍ നീന്തി ചെല്ലണമെന്ന സ്ഥിതിയിലാണ് ബസ് സ്റ്റാന്‍ഡ് നിലവിലുള്ളത്. രാവിലെ പെയ്ത മഴയില്‍ മുട്ടൊപ്പം വെള്ളം കയറിയിരുന്നു.
തൊട്ടടുത്തുള്ള കാനയിലേക്ക് വെള്ളം ഒഴുകിപ്പോകാത്ത സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാത്തതിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാവുന്നുണ്ട്. എന്നാല്‍ എല്ലാം കാര്യക്ഷമമായി നടത്തി എന്നാണ് കോര്‍പ്പറേഷന്റെ വാദം.
അതേസമയം, മാര്‍ച്ചില്‍ ആയിരുന്നു നവീകരിച്ച ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നടന്നത്. മഴയത്ത് വിവേകാനന്ദ തോട് നിറഞ്ഞാല്‍ വെള്ളത്തില്‍ മുങ്ങുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇനി വെള്ളം കയറാത്ത വിധത്തിലായിരുന്നു നിര്‍മ്മാണം നടത്തിയത്.
ഇതിനായി പ്രതലം ഉയര്‍ത്തി, സ്റ്റാന്‍ഡ് പരിസരത്തു നിന്നു വെള്ളം ഒഴുകിപ്പോകാന്‍ ചുറ്റും കാനയും നിര്‍മ്മിച്ചിരുന്നു. വിവേകാനന്ദ തോട്ടില്‍ നിന്ന് മഴയില്‍ അഴുക്കും മാലിന്യവും സ്റ്റാന്‍ഡ് പരിസരത്തേക്കു കയറാത്ത വിധം തോടിന്റെ വശത്ത് ചുറ്റുമതിലും നിര്‍മ്മിച്ചിരുന്നു. എന്നാല്‍ നവീകരിച്ചിട്ടും ബസ് സ്റ്റാന്‍ഡ് ശോച്യാവസ്ഥയില്‍ തുടരുകയാണ്.
District News
വടക്കഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പന്നിയങ്കര ശോഭ അക്കാദമിയിലെ വിദ്യാർഥികൾ കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി വടക്കഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവുനാടകം അവതരിപ്പിച്ചു. വിദ്യാലയത്തിലെ നാടക അധ്യാപകൻ സുരേഷ് മേച്ചേരിയുടെ സംവിധാനത്തിലായിരുന്നു നാടകാവതരണം. വന നശീകരണം, മാലിന്യനിക്ഷേപം, ജലമലിനീകരണം എന്നീ വിപത്തുകൾക്കെതിരെയായിരുന്നു നാടകം.
District News
കോട്ടയം: തിരുനക്കര ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ സംഘടന നിര്‍മിക്കുന്ന താത്കാലിക കടമുറികളുടെ നിര്‍മാണം പൂര്‍ത്തിയായി. കടമുറികള്‍ കച്ചവടക്കാര്‍ക്ക് ഉടന്‍ കൈമാറും. വൈദ്യുതി കണക്ഷന് വെവ്വേറെ അപേക്ഷ നല്‍കണം.
ബസ് കാത്തിരിപ്പുകേന്ദ്രത്തിനു പുറകിലായി 36 കടമുറികളാണ് ഒരുങ്ങുന്നത്. മേല്‍ക്കൂര ഷീറ്റാണ്. വശങ്ങള് വി ബോര്‍ഡുവച്ചു മറച്ചിരിക്കുകയാണ്. തറ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കി. ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ടൈല്‍സ് പാകാം. നഗരസഭയുടെ അനുമതിയോടെ വ്യാപാരികളുടെ സംഘടനയാണ് കടമുറികളുടെ നിര്‍മാണം നടത്തുന്നത്.
പുതിയ ഷോപ്പിംഗ് കോംപ്ലക്സ് വരുമ്പോള്‍ സ്വന്തം ചെലവില്‍ കടമുറികള്‍ പൊളിച്ചുമാറ്റാമെന്ന ഉറപ്പിലാണ് വ്യാപാരികള്‍ക്ക് കടമുറി പണിയാന്‍ നഗരസഭ അനുമതി നല്‍കിയത്.
2022ലാണ് കെട്ടിടം ബലക്ഷയത്തിലാണെന്നു ചൂണ്ടിക്കാട്ടി 52 കച്ചവടക്കാരെ ഒഴിപ്പിച്ചത്. പിന്നീട് 1.10കോടി രൂപയ്ക്ക് കെട്ടിടം പൊളിക്കാന്‍ ലേലം നല്കി. ഇതിനിടെ, പൊളിച്ചുമാറ്റാതിരുന്ന, ബലക്ഷയമില്ലെന്ന് അധികൃതര്‍ കണ്ടെത്തിയ ഹോട്ടല്‍ കെട്ടിടത്തില്‍നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് ഒരാള്‍ മരിച്ച ദാരുണ സംഭവവുമുണ്ടായി. ഒഴിപ്പിച്ച അന്നുമുതല്‍ കച്ചവടക്കാര്‍ താത്കാലിക സംവിധാനം തേടി അലയുകയായിരുന്നു.
പുനരധിവാസം വാഗ്ദാനം ചെയ്തവര്‍ പിന്നെ തിരിഞ്ഞുനോക്കിയില്ല. ചിലര്‍ പുതിയ കടകളിലേക്കും മറ്റു ചിലര്‍ നഗരസഭയുടെ നാഗമ്പടത്തെ കെട്ടിടത്തിലേക്കും മാറി. ലോട്ടറി, ഫോട്ടോസ്റ്റാറ്റ്, ബേക്കറി തുടങ്ങി ചെറുകിട കടകളായിരുന്നു കെട്ടിടത്തില്‍ ഏറെയും. കച്ചവടക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയതിനൊടുവിലാണ് താത്കാലിക കടമുറികള്‍ എന്ന ആവശ്യം യാഥാര്‍ഥ്യമായത്.
Kerala
തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാൻഡിൽ സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഇരയായ സ്ത്രീയെ കണ്ടെത്തി. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തും. മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് യുവതിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്. കെഎസ്ആർടിസി ഡിപ്പോ അധികൃതർ നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി. ബ്രൂസ്ലി ഷിബുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
National
ഹൈദരാബാദ്: സാധാരണക്കാരിയായി ബസ് സ്റ്റാൻഡിലെത്തിയ പോലീസ് കമ്മീഷണറെ ശല്യം ചെയ്തത് 40 ഓളം പുരുഷന്മാർ. മൂന്ന് മണിക്കൂറിനുള്ളിലാണ് 40 ഓളം പുരുഷന്മാർ ശല്യം ചെയ്തത്. ഹൈദരബാദിലാണ് സംഭവം. നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർഥ അവസ്ഥ നേരിട്ട് മനസിലാക്കാനാണ് കമ്മീഷണർ വേഷം മാറിയെത്തിയത്.
മൽക്കാജ്ഗിരി പോലീസ് കമ്മീഷണർ വി. സുമതി ആണ് വേറിട്ട പരീക്ഷണം നടത്തിയത്. മേയ് ഒന്നിന് അർധരാത്രിയിൽ ഹൈദരബാദ് നഗരത്തിലെ തിരക്കേറിയ ദിൽസുഖ്നഗർ ബസ് സ്റ്റാൻഡിന് സമീപം സാധാരണ വസ്ത്രം ധരിച്ച് ഒരു യാത്രക്കാരിയെന്ന വ്യാജേന ഇവർ മൂന്ന് മണിക്കൂറോളമാണ് ചെലവഴിച്ചത്.
അർധരാത്രി 12.30 മുതൽ പുലർച്ചെ 3.30 വരെയായിരുന്നു കമ്മീഷണറുടെ ഈ പരിശോധന. തന്റെ ഔദ്യോഗിക പദവിയോ സുരക്ഷാ അകമ്പടിയോ ഇല്ലാതെ, മുഖം മറയ്ക്കാതെ ഒരു സാധാരണ യാത്രക്കാരിയെന്ന നിലയിലാണ് അവർ ബസ് സ്റ്റോപ്പിൽ നിന്നത്. ഇവർ കമ്മീഷണറാണെന്ന് തിരിച്ചറിയാതെ സമീപിച്ച പുരുഷന്മാർ അശ്ലീല ചുവയോടെ സംസാരിക്കുകയും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ലഹരിമരുന്നിന് അടിമപ്പെട്ടവർ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
കമ്മീഷണർക്ക് സുരക്ഷ നൽകാനായി അൽപ്പം അകലെ മാറി മഫ്തിയിൽ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഓരോ തവണയും ഒരാൾ ശല്യം ചെയ്യുമ്പോൾ കമ്മീഷണർ സിഗ്നൽ നൽകുകയും പോലീസ് ഉടൻതന്നെ അവരെ പിടികൂടുകയും ചെയ്തു. പിടികൂടിയവരിൽ പകുതിയോളം പേർ വിദ്യാർഥികളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായിരുന്നു.
ഇവരിൽ ആർക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് പകരം അവർക്ക് കൗൺസിലിംഗ് നൽകാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. ഒരു സ്ത്രീ പൊതുസ്ഥലത്ത് നിൽക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും ഇവരെ ബോധവൽക്കരിച്ചു.
Kerala
കൊച്ചി: പെരുമ്പാവൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ യുവാവ് മരിച്ചനിലയില്‍. ഇതര സംസ്ഥാനക്കാരനായ യുവാവിനെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
യാത്രക്കാരുടെ ബെഞ്ചിൽ ഇരിക്കുന്ന രീതിയിൽ മൃതദേഹം പുലര്‍ച്ചെ എത്തിയ യാത്രക്കാരും വ്യാപാരികളുമാണ് കണ്ടെത്.
മൃതദേഹത്തിന് അടുത്ത് നിന്നും ഒഴിഞ്ഞ സോഫ്റ്റ് ഡ്രിങ്കിന്റെ ബോട്ടിലും ലഭിച്ചു. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 35 വയസ് തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ.
കരിപ്പൂര്‍ വാണ്ട പനങ്ങോട്ടേല മേക്കിങ്ങകര വീട്ടിൽ ആർ. രാഹുൽരാജാണ് (27) നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കേസിൽ ഒന്നാംപ്രതി വാണ്ട കുന്നുംപുറത്ത് വീട്ടിൽ എസ്. ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 19ന് വൈകിട്ട് 4.30ഓടെ കെഎസ്ആർടിസി നെടുമങ്ങാട് സ്റ്റാൻഡിലായിരുന്നു സംഭവം.
ബസ് കാത്തുനിന്ന പെൺകുട്ടിയെ ശ്രീജിത്ത് കടന്നുപിടിച്ചെന്നാണ് പരാതി. ഇയാളിൽനിന്നു രക്ഷപ്പെട്ട കുട്ടി കൂടെയുണ്ടായിരുന്ന ബന്ധുവിനോട് അതിക്രമം വിവരിക്കുമ്പോൾ ശ്രീജിത്തും രാഹുൽരാജയും ചേർന്ന്, ബന്ധുവിനെ ബസ് സ്റ്റാൻഡിലെ ബാത്റൂമിൽ കൊണ്ടു പോയി മർദിച്ചവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽനിന്നാണ് രാഹുൽ രാജ് പിടിയിലായത്. നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വില്പന, പോലീസിനെ ആക്രമിക്കൽ എന്നിങ്ങനെ 18 കേസുകളിൽ ഉൾപ്പെട്ട രാഹുൽ രാജ് കാപ്പ പ്രതിയുമാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് എസ്എച്ച്ഒ മോഹിത് പി.കെ, എസ്ഐമാരായ അഭിജിത്ത്, ജ്യോതിഷ്, എഎസ്ഐമാരായ വിജയൻ, ആർ.ബിജു, രാജേഷ്, സിപിഒമാരായ ബിജു, ശ്രീലാൽ, അനന്തു,ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
District News
പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അതിക്രമം നടത്തി സ്റ്റേഷന് മാസ്റ്റര്‍ ഓഫീസിന്റെ ഗ്രില്‍, ഫാന്‍, ക്ലോക്ക്, പൂച്ചട്ടി തുടങ്ങിയ സാധനങ്ങള്‍ നശിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.
കോന്നി വകയാര്‍ കൊല്ലംപടി മുതുപേഴുങ്കല്‍ കോട്ടപ്പുറത്ത് വീട്ടില്‍ സുധീഷ്(32)നെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എസ്ഐ ഷിജു പി.സാമിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ കസ്റ്റഡിയിലെടുത്ത സുധീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്സ്റ്റാൻഡിലും പരിസരങ്ങളിലും യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കുമായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുനിസിപ്പൽ ചെയര്പേഴ്സന് പി.കെ. സുബൈര്‍. ബസ്സ്റ്റാൻഡും പരിസരവും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കംഫർട്ട് സ്റ്റേഷൻ ശുചിത്വത്തോടു കൂടി നടത്താൻ നടത്തിപ്പുകാരന് നിർദേശം നൽകിയിട്ടുണ്ട്. പാലിച്ചില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് കാണിച്ച് നോട്ടീസ് നൽകിയതായും ചെയർപേഴ്സൺ പറഞ്ഞു.
കംഫർട്ട് സ്റ്റേഷന് മുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടം തിരിച്ചെടുത്ത് ഉപയോഗപ്പെടുത്തും. ഷീ ലോഡ്ജ് പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി ലിഫ്റ്റ്, സിസിടിവി, കുടിവെള്ള സംവിധാനം എന്നിവ സ്ഥാപിക്കും.
രാത്രിയിലെ സാമൂഹ്യവിരുദ്ധ ശല്യം തടയാൻ തെരുവുവിളക്കുകളും സുരക്ഷാ ജീവനക്കാരെയും നിയമിക്കും. ഹൈവേയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ചും കോര്‍ട്ട് റോഡില്‍ നഗരസഭ ഫണ്ട് ഉപയോഗിച്ചും നടപ്പാക്കി വരുന്ന സൗന്ദ്യര്യവത്കരണ പദ്ധതികള്‍ ബസ്സ്റ്റാൻഡിലേക്കും വ്യാപിപ്പിക്കുമെന്നും പി.കെ. സുബൈർ പറഞ്ഞു.
വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുല്ലായിക്കൊടി ചന്ദ്രന്, കെ. മുഹമ്മദ്ബഷീര്‍, പി.സി. നസീര്‍, പി. റജില, കൗണ്‍സിലര്‍ കെ.വി. മുഹമ്മദ്കുഞ്ഞി എന്നിവരും ചെയര്‍പേഴ്സനോടൊപ്പം ഉണ്ടായിരുന്നു.
Kerala
കോട്ടയം: ചേർത്തല കെഎസ് ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ബേക്കറിയിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം.
ഇന്ന് രാവിലെ 10.30ഓടെ ഫൈവ്സ്റ്റാർ ബേക്കറിയിലാണ് സംഭവം. അപകടത്തിൽ ബേക്കറിയിലെ സാധനങ്ങൾ കത്തി നശിച്ചു. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.
District News
ഈരാറ്റപേട്ട: ചെളിക്കുളമായി മാറിയ ഈരാറ്റുപേട്ട ടൗൺ ബസ് സ്റ്റാൻഡ് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു. പുതുക്കിപ്പണിയുന്നതിനായി ബസ് സ്റ്റാൻഡ് പൊളിച്ചതുമുതൽ തുടങ്ങിയതാണ് ഈ ദുരിതം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബസ് സ്റ്റാൻഡ് ചെളിക്കുളമായതോടെ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവില്ല.
മൂന്നു മാസം മുന്‍പാണ് പുതിയ ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും നിർമിക്കുന്നതിനായി സ്റ്റാൻഡ് പൊളിച്ചുനീക്കിയത്. സ്റ്റാൻഡ് പൊളിച്ചതോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ തിരക്ക് രൂക്ഷമായി. ഗതാഗതതടസം മൂലം വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. സ്റ്റാൻഡ് പൊളിക്കുന്നതിനു മുന്‍പ് സ്വീകരിക്കുമെന്ന് അറിയിച്ചിരുന്ന സംവിധാനങ്ങളൊന്നും നടപ്പായില്ല.
ഇതാണ് ഇപ്പോഴത്തെ ദുരിതത്തിന് പ്രധാന കാരണം. ഇതിന് പരിഹാരമായാണ് സ്റ്റാൻഡ് പൊളിച്ച ഭാഗം നിരപ്പാക്കി അവിടെ ബസുകൾ കയറ്റിയിടാൻ തീരുമാനിച്ചത്. താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രവും ശുചിമുറിയും ഇവിടെ ക്രമീകരിച്ചു. എന്നാൽ ശക്തമായ മഴ പെയ്തതോടെ ബസ് സ്റ്റാൻഡ് ചെളിക്കുളമായി മാറി. ബസുകൾ കയറിയിറങ്ങുന്നതോടെ ബസിന്റെ ടയറുകളിൽ പറ്റുന്ന ചെളി ടൗണിൽ മുഴുവൻ പരന്നൊഴുകുകയാണ്.
പാറമടയിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇട്ട് സ്റ്റാൻഡ് ലെവൽ ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ മുഴുവൻ മണ്ണാണ്. സ്റ്റാൻഡിൽ ചെളി നിറഞ്ഞതോടെ ബസിൽ വരുന്നവർക്ക് ഇറങ്ങാനും കയറാനും പറ്റാത്ത സാഹചര്യമാണ്. പരാതികൾ പലതവണ പറഞ്ഞുവെങ്കിലും നടപടിയില്ല. വെയിൽ തെളിഞ്ഞാൽ പൊടിയായും അല്ലാത്ത സമയങ്ങളിൽ ചെളിയായും യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായി മാറിയിരിക്കുകയാണ്.
സർക്കാർ നടപടികളിലെ കാലതാമസമെന്ന്
നഗരസഭാധ്യക്ഷ
സർക്കാർ നടപടികളിലുണ്ടാകുന്ന കാലതാമസമാണ് പണികൾ തുടങ്ങാൻ വൈകുന്നത്. നൽകിയിരി ക്കുന്ന ഡിപിആറിനു വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. താത്കാലിക സംവിധാനങ്ങളൊരുക്കാൻ കൂടുതൽ പണം ചെലവഴിക്കാൻ അനുമതിയില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. താത്കാലികമായി ബസ് കാത്തിരിപ്പുകേന്ദ്രം, ശുചിമുറി എന്നിവ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാൻഡിലെ ചെളി ഒഴിവാക്കുന്നതിനു നടപടിയെടുക്കുമെന്നും നഗരസഭാധ്യക്ഷ സുഹ്റ അബദുൾ ഖാദർ പറഞ്ഞു.